ബാൽക്കണിയ്ക്കു താഴെ,
ഒരേ അകലത്തിൽ
വെളിച്ചം പൂത്ത രാത്രിവഴികളിലൂടെ,
ഏതൊക്കെയോ വിചാരങ്ങൾ
ആകാംക്ഷകൾ ആകുലതകൾ
അടക്കം ചെയ്ത കുഞ്ഞുലോകങ്ങൾ
ഒഴുകി വരുന്നു
കണ്ണുകലങ്ങിയ
ബ്രേയ്ക്ക് ലൈറ്റിൻ ചെമ്പരത്തിപ്പൂക്കൾ
തളം കെട്ടി നിറയുമ്പോൾ
സിഗ്നലിൽ, കനിവിൻ നിറമുദിയ്ക്കും,
വിങ്ങലൊഴിയും..
ഉൾക്കാട്ടിൽ പെയ്യും തീമഴയിൽ
വെന്തുപോയ നല്ല വാക്കുകൾ
സങ്കടത്തിൻ പ്രളയകാലത്ത്
മനസ്സുമുട്ടി കനം തൂങ്ങിയിട്ടും,
കൂട്ടിരിയ്ക്കുന്ന ഏകാന്തതയ്ക്ക്
നിറഭേദമില്ലാതെ എങ്ങനെ..
അവസാനതുള്ളി ലഹരിയിലും അലിയാതെ,
ഒറ്റയനക്കത്തിലായിരം പോറുന്ന
നിശ്ശബ്ദതയുടെ ചില്ലുകണങ്ങൾ
അടർത്തിക്കളയാൻ
ഒരു ഉണർച്ചയുടെ പ്രകാശമില്ലാതെയെങ്ങനെ...
No comments:
Post a Comment