എന്തുചെയ്യുംകിളിപ്പാട്ട്‌ / രാജേഷ്‌ ആര്‍. വര്‍മ്മ

താനിന്തനം കിളി തന്നിന്തനം കിളി
താനിരിക്കും കിളി താണിരിക്കും
താനേയിരിക്കുന്നനേരം കഴുത്തിലെ
പേനെടുക്കാൻ കിളിയെന്തു ചെയ്യും?

എന്തു ചെയ്യും കിളി എന്തു ചെയ്യും?
എന്തു ചെയ്യും കിളി എന്തു ചെയ്യും?

പൊന്നിന്റെ മാളികവീടും മരതക-
ക്കുന്നും പറമ്പും പണിഞ്ഞുവെച്ചാൽ
മട്ടുപ്പാവിൽ നിന്നു വെറ്റില തിന്നുമ്പം
നീട്ടിത്തുപ്പാൻ നമ്മളെന്തുചെയ്യും?
(എന്തു ചെയ്യും...
കൊയ്ത്തു തുടങ്ങുന്നതിന്നു മുമ്പേ നമ്മൾ
പുത്തരിയുണ്ടു രസിച്ചിരുന്നാൽ
പത്തായത്തിന്നു വിശന്നു കരയുമ്പം
കത്തലടക്കുവാനെന്തു ചെയ്യും?
(എന്തു ചെയ്യും...
കൂടൊരുക്കും കിളി മൂടനക്കും കിളി
മൂടനങ്ങും നേരം കാടനങ്ങും
കാടു കുലുങ്ങിക്കുലുങ്ങിയൊടുവിലാ
കൂടു പൊളിയുമ്പോഴെന്തു ചെയ്യും?
(എന്തു ചെയ്യും...
മണ്ണു മുഴുവനും വെള്ളക്കടലാസും
തണ്ണീരു മൊത്തം മഷിയുമായാൽ
ഗ്രന്ഥമെഴുതിയെഴുതിത്തളരുമ്പം
കഞ്ഞിവെയ്ക്കാൻ നമ്മളെന്തുചെയ്യും?
(എന്തു ചെയ്യും...
മാനാഞ്ചിറയൊരു ഗഞ്ചിറയാക്കീട്ടു
പുത്തരിക്കണ്ടത്തെച്ചെണ്ടയാക്കി
എന്നെക്കുറിച്ചു ഞാൻ പാടിനടന്നാലും
പിന്നെയും തീരാഞ്ഞാലെന്തു ചെയ്യും?
(എന്തു ചെയ്യും...
മണ്ട തഴച്ചു മധുരം നിറഞ്ഞിട്ടു
മണ്ടന്മാരൊക്കെ മിടുക്കരായാൽ
തണ്ടു ചുമന്നു നടക്കുവാനായ്‌ മര-
മണ്ടന്മാരെക്കിട്ടാൻ എന്തുചെയ്യും?
(എന്തു ചെയ്യും...
പാട്ടുപാടും കിളി, കൂട്ടുകൂടും കിളി,
പാട്ടിന്റെയുള്ളിലടയിരിക്കും
പാട്ടുകേൾക്കുമ്പോഴുറങ്ങുന്ന പോഴന്മാർ
പാട്ടുകഴിയുമ്പോളെന്തുചെയ്യും?

എന്തു ചെയ്യും കിളി എന്തു ചെയ്യും?
എന്തു ചെയ്യും കിളി എന്തു ചെയ്യും?

8 comments:

Kalavallabhan said...

ഈ ചോദ്യക്കവിത ഇഷ്ടമായി.

സോണ ജി said...

മാഷെ ,
ഇത് കൊള്ളാം.ഓണ മൂഡ് തരുന്നുണ്ട്..വട്ടക്കളിക്ക് പറ്റിയ കവിതശകലം ...നന്ദി ! :)

Sajan said...

വളരെ നന്നായി

Dileep said...

എന്ത് രസമായിരിക്കുന്നു...

Devadas VM | ദേവദാസ് വിഎം said...

തകര്‍ത്തു...

രാജേഷ്‌ ആര്‍. വര്‍മ്മ said...

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.

niranjan said...

VAIKI AANU ITHU VAAYIKKAN PATTIYATHU..VALARE NANNAYIRIKKUNNU.

രാജേഷ്‌ ആര്‍. വര്‍മ്മ said...

നന്ദി നിരഞ്ജൻ. ഇപ്പോഴാണു കമന്റുകണ്ടത്.

Post a Comment