ഓണത്തിന്റെ ഭോഗസൂത്രം : രണ്‍‌ജിത്ത് ചെമ്മാട്


ഇരുണ്ട വെട്ടത്തിനിരുവശവുമിരിക്കുന്ന
എതിര്‍‌‌ലിംഗ സൗഹൃദങ്ങളുടെ ക്ഷമ
ഉമിനീരിലലിയുന്നതിന്റെ ദൂരം
ഒരു ബര്‍ഗ്ഗറിനിരുവശവും ചീസ് തേച്ച് വെച്ച
ബണ്ണിന്റെ ആയുസ്സിന്‌ തുല്യമാണെന്ന ഭോഗകാവ്യം
അയല്‍ ഫ്ലാറ്റിലെ മരിയാ ഫെര്‍ണ്ണാണ്ടസ്സാണ്‌
ഭൂഗര്‍‌ഭ ഭോജനശാലയിലെ എല്‍.ഇ.ഡി.
റാന്തലിനപ്പുറമിരുന്ന് ഒരോണ ട്രീറ്റില്‍
എന്നോട് മന്ത്രിച്ചത്!


ഹോളണ്ടിലൊരു പോത്തിന്‍ തോട്ടമുണ്ടെന്നും
ഉതിരാത്ത സുരതങ്ങളും മണ്ണു ദാഹിക്കുന്ന
കുളമ്പുകളുമായി ചതുരപ്പാത്രങ്ങളില്‍
പോത്തിന്‍ കുഞ്ഞുങ്ങള്‍ വളരുന്നുവെന്നും
ബര്‍ഗ്ഗര്‍ ബണ്ണിലരഞ്ഞമര്‍ന്ന്
നാവ് നീട്ടുന്ന ഒരു പോത്തിന്റെ ഓണവിലാപം.

തോട്ടിലെ ചേറുമണം
മൂക്കുകയറിന്റെ ചോരമണം
ദാഹം, വെയില്‍, മാട്ടുചന്ത
കന്നുപൂട്ട്, ഇവയെല്ലാം കഴിഞ്ഞാണ്‌
എന്റെ നാട്ടിലെ പോത്തുകള്‍
കടലുകടക്കുന്നതെന്ന്,
ബീഫ് കറിയും തണുത്ത
ചോറും കൂട്ടിയൊരോണ സദ്യ
ഷാര്‍ജ ലേബര്‍ ക്യാമ്പില്‍

ചെങ്കടല്‍, ചാവുകടല്‍, കരിങ്കടല്‍
മെഡിറ്ററേനിയന്‍, അറബിക്കടല്‍....
പെണ്‍ചുണ്ടുകളോരോ സമുദ്രത്തിലേക്കുള്ള
തുറമുഖങ്ങളാണെന്ന് ബിയറില്‍
കുതിര്‍ന്ന അതിഥികള്‍ക്ക് ഡിസെര്‍ട്ട് ക്യാമ്പില്‍
ചുണ്ടിതളുകളാല്‍ പൂക്കളം!


യാഡ്‌ലി, ജമന്തി, റോസ്, മുല്ല,
പൂമണങ്ങളോരോന്നും വന്‍‌കരകളിലെ
പെണ്ണുടലുകളുടെ തിരിച്ചറിവുകളാണെന്ന്
കോമ്രേഡ് ഫ്രെഡറിക് നിക്കോളാസ്,
പെണ്ണുടലുകള്‍ കൊണ്ടൊരു പൂക്കളമിട്ടു
ഇന്റര്‍‌കോണ്ടിനെന്റല്‍ ഓണപ്പാര്‍ട്ടി.

5 comments:

Unknown said...

നന്നായി.തികച്ചും വ്യത്യസ്തമായ വരികള്‍.

തോട്ടിലെ ചേറുമണം
മൂക്കുകയറിന്റെ ചോരമണം
ദാഹം, വെയില്‍, മാട്ടുചന്ത
കന്നുപൂട്ട്, ഇവയെല്ലാം കഴിഞ്ഞാണ്‌
എന്റെ നാട്ടിലെ പോത്തുകള്‍
കടലുകടക്കുന്നതെന്ന്,
ബീഫ് കറിയും തണുത്ത
ചോറും കൂട്ടിയൊരോണ സദ്യ
ഷാര്‍ജ ലേബര്‍ ക്യാമ്പില്‍

അനില്‍കുമാര്‍ . സി. പി. said...

ജീവിതത്തിലെ വിവിധ അവസ്ഥാന്തരങ്ങളെ വുത്യസ്തമായ നിറക്കൂട്ടുകളിലൂടെ, ബ്ലാക് & വൈറ്റ് ഉള്‍പ്പടെ, അവതരിപ്പിച്ചു.

ഓണാശംസകള്‍.

Dileep said...

തകര്‍പ്പന്‍ കവിത ..

Anees Hassan said...

കൊള്ളാം വെറുതെ പറഞ്ഞാല്‍ പോര ....കിടിലന്‍

JK said...

ikkili koottalle kutta...

Post a Comment