ബെല്ലും ബ്രേക്കും / പി.എ അനീഷ്

കുട്ടികളങ്ങനെയാണ്
ബെല്ലും ബ്രേക്കുമില്ലാതെ വരും

കൂട്ടബെല്ലടിക്കുമ്പോ
ളൊരു തേനീച്ചക്കൂട്ടമായ് മാറി
യിരമ്പിക്കൊണ്ടു കടന്നുപോകും

നോക്കിനടന്നില്ലെങ്കിലുറപ്പാ
ണൊരു പന്തുവന്ന്
തലയില്‍ കൊള്ളും
പെന്‍സിലസ്ത്രമായ് മാറി
ചീറിയെത്തും

റോക്കറ്റുകള്‍
കണ്ണില്‍ തറയ്ക്കും

ഔട്ടല്ലെന്നു
മൂളിക്കൊണ്ടൊരു
സ്റ്റമ്പു പറന്നു വന്ന്
ചെളി തെറിപ്പിക്കും

പാതകളില്ലാതെ
പോയ കാലത്ത്
കണ്ണുവച്ചെറിഞ്ഞതെല്ലാ
മിന്നു മടക്കിയെറിയുകയാണോ
എത്രയോരം ചേര്‍ന്നു
പോയിട്ടും?

ബെല്ലടിച്ചതു കേട്ടില്ലേ
ബ്രേക്കിട്ടതറിഞ്ഞില്ലേ
കല്ലെറിഞ്ഞ കാലമൊക്കെക്കഴിഞ്ഞു
ഇനിയേറുകൊളളാനുള്ള സമയമാണ്

എത്രയോരം ചേര്‍ന്നു
പോയാലും.

3 comments:

നഗ്നന്‍ said...

എല്ലാറ്റിനും ഒരു കാലമുണ്ട്.
ഇതേറുകൊള്ളാനുള്ള കാലം
അല്ലേ അനീഷേ?

Dileep said...

കല്ലെറിഞ്ഞ കാലമൊക്കെക്കഴിഞ്ഞു
ഇനിയേറുകൊളളാനുള്ള സമയമാണ്

എത്രയോരം ചേര്‍ന്നു
പോയാലും....


നന്നായിരിക്കുന്നു....

എസ് കെ ജയദേവന്‍ said...

FINE....KUTTIKKALAM....SCHOOLKALAM...MARAKKUVATHENGANE...
SK JAYADEVAN,LECTURER , DIET WAYANAD,SULTHAN BATHERY

Post a Comment