നനഞ്ഞൊലിച്ച ഈ നഗരത്തിന്റെ വിഷാദത്തിലൂടെ
ഒരു വാക്ക് എന്നെ തേടി വരുന്നുണ്ട്
ഏത് നിമിഷവും പിടിക്കപ്പെടാവുന്ന ഒരു നിശബ്ദതയുമായി
പുതുതായി പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍
വേറാരുടേയൊ സ്വപ്നങ്ങള്‍ക്ക്
ഞാന്‍ നിറം കൊടുത്തു കൊണ്ടിരിക്കുന്നു
എന്റെ ബ്രഷിലെ വസന്തങ്ങള്‍ പച്ച, മഞ്ഞ, നീല
എന്നിങ്ങനെ ഒരു പാട്ടാവുന്നു
മഴ പെയ്യാന്‍ തുടങ്ങുന്നു
എന്റെ വാച്ചിലെ സൂചി ഇപ്പോഴും
നിന്റെ ഹൃദയ മിടിപ്പു തന്നെയാണ്
രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന്
ഒരു കാര്‍ പതിനൊന്നാം വളവു തിരിയുന്നു
നാരങ്ങപ്പാല് ചൂണ്ടക്ക് രണ്ട്
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ
ഓടി വരും കള്ളനെയെന്ന്
മഴകരച്ചിലുകളുടെ ഈണത്തില്‍ വന്നു പോകുമ്പോള്‍
നിശബ്ദത ഉള്ളിലേക്കുള്ളിലേക്ക് പിന്‍വാങ്ങുന്നു
കള്ളനും ദൈവത്തിനും മാത്രം അവകാശപ്പെട്ട
ഒരു ഏകാന്തതയിലേക്ക് ഒറ്റയ്ക്കാവുന്നു
ഒരു സിഗരറ്റ് കുറ്റിയുടെ നുറുങ്ങു വെട്ടത്തിലേക്ക്
മുനിഞ്ഞിരിക്കുന്നു
ഓര്‍മകളിലേക്ക് വെളിച്ചത്തിന്റെ പഞ്ചസാരത്തരികളെ
കൂട്ടിവെയ്ക്കുന്ന ഉറുമ്പുകളോടൊപ്പം നടന്നു പോകുന്നു
ഏതു നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന
ഒരു സാധ്യതയുടെ തുറസ്സിലേക്ക് കണ്ണ് പായിച്ചിരിക്കുമ്പോള്‍
എന്റെയുള്ളില്‍ നിറയെ പൂക്കളുടെ കുമ്പസാരങ്ങളാണെന്ന്
പുറത്തെ മഴ നനഞ്ഞ റോഡില്‍ കാര്‍
സഡന്‍ ബ്രേക്കിടുന്നു
ഇപ്പോള്‍ നിശബ്ദത തണുപ്പാണ്... തണുപ്പാണ്
എന്ന് മരിച്ചിരിക്കുന്നവര്ക്കിടയിലൂടെ
നിലകളിറങ്ങി പോകുന്നതിന്റെ കാലൊച്ച
ആരോ എണ്ണി തുടങ്ങുന്നു...നൂറ്..................
തൊണ്ണൂറ്റിയൊന്‍പത്......തൊണ്ണൂറ്റിയെട്ട്........
2 comments:
ഒരു നിശബ്ദത സൃഷ്ടിക്കുന്നുണ്ട് കവിത..ചില വരികള്‍ അതീവ ഹൃദ്യമായിത്തോന്നി.
ചെറുതാക്കാമായിരുന്നു,ചെറുതാക്കാമായിരുന്നു,ചെറുതാക്കാമായിരുന്നു.
Post a Comment