ഒരു പകല്‍ / എം.ആര്‍ വിബിന്‍



ബസ്സ്‌ പറത്തിവിട്ട പൊടിയ്‌ക്കപ്പുറമായിരുന്നു പ്രായമേറിയ ആ വൃദ്ധ ദമ്പതികള്‍. അയാളുടെ ഇടം കൈ ഭാര്യയുടെ വലം കയ്യുമായി കോര്‍ത്തു നിന്നിരുന്നത്‌ നിറഞ്ഞ സ്‌നേഹവായ്‌പോടെ തന്നെയായിരുന്നു. അവരുടെ സമൃദ്ധമായ മുടിയിഴകളെ അയാളുടേതിനേക്കാള്‍ വേഗം നര കീഴ്‌പെടുത്തിയിട്ടുണ്ട്‌.
`
തല നന്നായി വേദനിക്കുന്നുണ്ട്‌' ഭാര്യ അയാളുടെ മുഖത്തു നോക്കാതെ എന്തോ കുറ്റം ചെയ്‌തതുപോലെ പറഞ്ഞു. `മരുന്നു കഴിച്ചിട്ടുണ്ടാവില്ല നീ. രാവിലെ പോരാനുള്ള ധൃതിയില്‍' .അയാളുടെ പറച്ചിലിന്‌ കുറ്റപ്പെടുത്തലിന്റെ സ്വരമേതുമില്ലായിരുന്നു. `ഓരോ നാരങ്ങാ വെള്ളം കുടിക്കാം. അവിടെ വഴിയും ചോദിച്ചു നോക്കാം' റോഡരികിലെ പെട്ടിക്കടയിലേക്ക്‌ അവര്‍ നടന്നു.വേനല്‍ക്കാലം അതിന്റെ എല്ലാ തീവ്രതയോടും കൂടി തന്നെ അവര്‍ക്കു മുകളില്‍ കുട പിടിച്ചു നിന്നിരുന്നു!അപരിചിതരായ വൃദ്ധദമ്പതികളുടെ വരവിനെ കടക്കാരന്‍ കൗതുകത്തോടെ നോക്കി.പെപ്പുവെള്ളത്തിന്റെ വൃത്തികെട്ട ചുവയുള്ള നാരങ്ങാ വെള്ളം അവര്‍ ഭാവഭേദങ്ങളൊന്നും കൂടാതെ കുടിച്ചിറക്കുകയായിരുന്നു.
`
ഈ വിലാസം അറിയോന്നു നോക്കൂ' അയാള്‍ തുണ്ടു കടലാസ്‌ കടക്കാരനു നീട്ടി.കടലാസില്‍ പഴയ ലിപിയുടെ ഒഴുക്കോടെ ഒരു വിലാസം പടര്‍ന്നു കിടന്നിരുന്നു.
`
സിറ്റി ഗാര്‍ഡനല്ലേ, ഈ റോഡിലൂടെ നേരെ കിഴക്കോട്ടു നടന്നാമതി കാണാം' കടക്കാരന്‍ നേരെയുള്ള റോഡ്‌ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.റോഡരികിലെ മൈതാനത്തില്‍, നല്ല ചൂടുള്ള ആ പകലിലും കുട്ടികള്‍ അവധിക്കാലത്തെ പകര്‍ത്തിയെഴുതുകയായിരുന്നു. `ആ ചുവന്ന ബനിയനിട്ട കുട്ടിയുടെ അത്രയും ആയിട്ടുണ്ടാവോ നമ്മുടെ അപ്പു? എത്രനാളായി കണ്ടിട്ട്‌.....' ഭാര്യ അയാള്‍ക്ക്‌ ആ കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊടുത്തു.
`
കാണാന്‍ പോവല്ലേ നമ്മള്‍....' അയാള്‍ ആഹ്ലാദങ്ങളെ അടക്കിയൊതുക്കിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
`
എന്നാലും വീടുമാറിയ കാര്യം അറിയിച്ചില്ലല്ലോ സുധാകരന്‍'
`
തിരക്കല്ലേ, അവനെ ഇവിടെ വച്ചു ദാസന്‍ കണ്ടതേതായാലും നന്നായി'.ഏറെയൊന്നും വെയില്‍ കൊണ്ടു നടക്കേണ്ടി വന്നില്ലവര്‍ക്ക്‌. വഴിയുടെ അറ്റത്ത്‌ ഒരു വലിയ കെട്ടിടം അവരുടെ നോട്ടത്തെ മറച്ചു നിന്നു. മുന്‍പില്‍ വലിയ ഫലകത്തിലെഴുതിയ 'ഇകഠഥ ഏഅഞഉഋച' എന്നത്‌ കട്ടിക്കണ്ണടയ്‌ക്കിടയിലൂടെ ആ പഴയ അദ്ധ്യാപകന്‍ വായിച്ചെടുത്തു.അന്നേരം കാക്കിയൂണിഫോമണിഞ്ഞ വാച്ച്‌മേന്‍ എവിടെ നിന്നോ പൊട്ടി വീഴുകയും അവരോട്‌ തട്ടിക്കയറും പോലെ `ആരെക്കാണാനാ?' എന്ന്‌ ചോദിക്കുകയും ചെയ്‌തു.
`30
സിയിലെ... 'അയാള്‍ പറഞ്ഞു മുഴുമിപ്പിക്കുമ്പോഴേയ്‌ക്കും `ങാ, മൂന്നാം നിലയിലാ' എന്നൊഴുക്കന്‍മട്ടില്‍ പറഞ്ഞുകൊണ്ട്‌ കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തേയ്‌ക്ക്‌ വാച്ച്‌മേന്‍ നടന്നുപോയി.താഴത്തെ നിലയില്‍ കുറെ കസേരകള്‍ നിരത്തിയിട്ടിരുന്നു. ഭാര്യ വെളുത്തസാരിത്തലപ്പുകൊണ്ട്‌ ഒരു കസേരയിലെ പൊടിതട്ടി അതിലിരുന്നു. `കാലുകഴയ്‌ക്കുന്നു. ഞാനിവിടെയിരിക്കാം. നിങ്ങള്‌ പോയി അന്വേഷിച്ചു വാ' അവര്‍ക്ക്‌ അപ്പോഴും തേടിക്കൊണ്ടിരിക്കുന്ന ഒന്നിനെക്കുറിച്ച്‌ വിശ്വാമില്ലാത്തപോലെ തോന്നി. `അനേ്വഷിക്കാനെത്തിരിക്കുന്നു...? ങാ, ഇവിടെയിരിക്ക്‌ ഞാന്‍ നോക്കട്ടെ...'. അയാള്‍ ലിഫ്‌റ്റിനെ ഒഴിവാക്കി ഗോവണിപ്പടികള്‍ പതുക്കെക്കയറി.ലിഫ്‌റ്റുകളുമായി പൊരുത്തപ്പെടാന്‍ അയാള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ അസുഖമായി ആശുപത്രിയില്‍ കഴിയുമ്പോള്‍ മാത്രം കയറിയിട്ടുണ്ട്‌. അന്ന്‌ അടിവയറ്റില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ഉരുണ്ടു കയറ്റത്തെ അമര്‍ത്തിവെച്ചതെങ്ങനെയാണ്‌ അയാള്‍ക്കുമാത്രമറിയാം.മൂന്നാം നിലയില്‍ ഒരു വാതിലിനു സമീപം `30' എന്നെഴുതിവെച്ചിരിക്കുന്നത്‌ അയാള്‍ കണ്ടു. മൂന്നു നിലകള്‍ ചവുട്ടിക്കയറിയ കിതപ്പിനോടൊപ്പം, ആകാംക്ഷയോടെ അയാള്‍ നടന്നു. അയാളുടെ കാലുകള്‍ ചെറുതായി വിറയ്‌ക്കുന്നുണ്ടായിരിന്നു. പുറത്തെ സ്വിച്ചില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത്‌ ഒരു പക്ഷി മധുരമായി പാടുന്നത്‌ അയാള്‍ കേട്ടു
ഹൃദയമിടിപ്പുകള്‍ ഏറിവരുന്നു.അപ്പുവായിരിക്കുമോ വാതില്‍ തുറക്കുക? അവധിക്കാലമായതിനാല്‍ അവന്‍ ചിലപ്പോള്‍ എങ്ങോട്ടെങ്കിലും കളിക്കാന്‍ പോയിട്ടുണ്ടാകും .മൈതാനത്ത്‌ കണ്ട ചുവന്ന ബനിയന്‍ ധരിച്ച ആ കുട്ടി.....? സുധാകരന്‍, പത്മ? മുഖങ്ങളിങ്ങനെ അയാളില്‍ തെളിഞ്ഞു, തെന്നിമാറിക്കൊണ്ടിരുന്നു. പൊട്ടുന്നനെ അകത്ത്‌ വാതിലിന്റെ കൊളുത്തു നീങ്ങുന്ന ശബ്‌ദം, പുറത്ത്‌ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയായി രൂപാന്തരപ്പെട്ടു.വാതില്‍ തുറന്ന്‌ അപരിചിതത്വഭാവങ്ങളൊന്നും കൂടാതെ സുമുഖനായ ഒരു ചെറുപ്പുക്കാരന്‍ നിന്നു.
`
സുധാകരന്‍.....' പ്രതീക്ഷകള്‍ തെറ്റിയ അയാള്‍ ശബ്‌ദത്തില്‍ തുടര്‍ച്ച വരുത്താതെ ചോദിച്ചു.
`
ഇവിടെയല്ലല്ലോ.... ഈ ഫ്‌ളാറ്റില്‍ അങ്ങനെയൊരാളില്ല'. സൗമ്യനായി ഇത്രയും പറഞ്ഞ്‌ ധൃതി പിടിക്കാതെ, സുമുഖനായ ആ ചെറുപ്പക്കാരന്‍ പതുക്കെ വാതിലടച്ച്‌, അകത്തെ മുറികളിലൊന്നിലേക്ക്‌ നടന്നു. അവിടെ ഒരു കസേരയില്‍ കുറച്ചൊക്കെ ഉന്മത്തനായി മറ്റൊരു ചെറുപ്പക്കാരന്‍.... മുന്നിലെ മേശപ്പുറത്ത്‌ കാലിയായ ഒരു മദ്യക്കുപ്പിയിരുന്നിരുന്നു. നിറയെ മദ്യമുള്ള മറ്റൊരു കുപ്പിയും. ആഷ്‌ട്രേയില്‍ നിന്ന്‌ എരിഞ്ഞുതീരാറായ ഒരു സിഗരറ്റുകുറ്റി പുകയായി നിലവിളിച്ചു കൊണ്ടിരുന്നു.
`
നിന്റെ ഭാര്യ, കുട്ടിയേയും കൊണ്ട്‌ അവളുടെ നാട്ടിലേക്കു പോയത്‌ നന്നായി. വല്ലപ്പോഴുമേ നമുക്കിങ്ങനെയൊന്ന്‌ വൃത്തിയായി കൂടാന്‍ പറ്റൂ. നീ മറ്റേ കുപ്പി പൊട്ടിച്ച്‌ ഓരോന്നൊഴിക്ക്‌.സുമുഖനായ ചെറുപ്പക്കാരന്‍, മയക്കത്തിലേക്കു വഴുതിയ സുധാകരനെ നോക്കി ഒന്നുകൂടി വിളിച്ചു.
`
ഡാ... സുധാകരാ... ഫിറ്റായോ...?

5 comments:

എന്‍.ബി.സുരേഷ് said...

ഹ ഹ മക്കളായാൽ മാന്യമായി ഇങ്ങനെ തന്നെ പെറുമാറണം. അല്ല പിന്നെ. എനിക്ക് പെട്ടന്ന് ടി.വി.കൊച്ചുബാവയുടെ നനഞ്ഞ ശിരോവസ്ത്രങ്ങൾ എന്ന കഥ ഓർമ്മ വരുന്നു.

തെരുവിലൂടെ വാർദ്ധക്യങ്ങൾ ഇങ്ങനെ വിയർത്തൊലിച്ച് അലഞ്ഞുതിരിയുന്ന കാഴ്ച കേരളീയന്റെ ഒരു മുഖമുദ്രയായി മാറിയില്ലെ.

നര എന്ന ഒരു പുസ്തകം എസ്.ആർ.ലാൽ എഡിറ്റ് ചെയ്തിട്ടുണ്ട്. അതിൽ മലയാളത്തിലെ ഒട്ടേറെ വാർദ്ധക്യകാല കഥകൾ ഉണ്ട്.

കഥ കുറച്ചുകൂടി വൈകാരികമാക്കാമായിരുന്നു.

മലയാളികൾ ഈ വികാരപ്രകടനത്തിലൊന്നും വീഴില്ല.

Sajith KS said...

Nice...

SHYLAN said...

ഡാ സുദാഗരാ..!!

Unknown said...

sandesham : vayassukaalamaayaal adangi othungi irikkanam allengil ithokke kaanendi varum

V P Gangadharan, Sydney said...

അച്ഛന്റെ മകന്‍, സുദാകരന്‍.
അമ്മയുടെ മകന്‍, സുദാകരന്‍.
അച്ഛനമ്മമാരെ വേണ്ടാത്തവന്‍, സുദാകരന്‍.
സുദാകരനെ ആംഗലേയത്തില്‍ ഓമനിക്കുന്നതിങ്ങനെ: 'You dirty bastard!'
കഥയുടെ പേര്‍ 'ഒരു പകല്‍' എന്നതു കുത്തി 'The bastard' എന്നാക്കുവാന്‍ കഥാകാരനോടു വായനക്കാരുടെ ശിപാര്‍ശ!
കഥ നന്നായിപ്പറഞ്ഞു.

Post a Comment