മകൾ /ലിഡിയാ രാകേഷ്

മകളുടെ വിവാഹം.

പലരേയും വിളിയ്ക്കാൻ മറന്നു പോയെന്ന് വന്നവർ പരാതി പറയുന്നു.
ചിലർ കാരണങ്ങൾ അന്വേഷിക്കുന്നു.
അയാൾക്ക് പറയാൻ ഒന്നുമില്ല.
 തന്നെത്തന്നെ വിശ്വസിപ്പിക്കാൻ കുറേ കാലമായി അയാൾക്ക് കഴിയാതെ പോകുന്നു.

വേവലാതി ഒളിപ്പിച്ചുവെക്കാൻ കഴിയുന്നില്ല അയാൾക്ക്.
ചിന്തകൾക്കാവട്ടെ അവസാനവും ഇല്ല.
ഒരു കാറ്റിനും ഉണക്കാൻ കഴിയാതെ വിയർത്തൊലിക്കുന്ന ദേഹവും.

ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.

അത്രയ്ക്ക് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല.
വിവാഹപ്രായമായ പെൺകുട്ടികൾ വീട്ടിലിരിക്കുമ്പോഴാണ്‌ വേവലാതി തോന്നേണ്ടത്.എന്നാലും കല്യാണദിവസം അടുത്തടുത്ത് വരുന്തോറും പറഞ്ഞറിയിക്കാനാകാത്ത ഒരു വെപ്രാളം.
എന്തോ ഒന്ന് കൈവിട്ട് പോകുന്നതുപോലെ ഒരു ഭയം.

ഭാര്യയാകട്ടെ  വല്ലാത്തൊരു വിഷാദത്തിലേക്കാണ്‌ നടന്നു പോകുന്നത്.
പലപല ആലോചനകള്‍ക്കിടയില്‍ അവര്‍ക്ക് കൂടി ഇഷ്ടപ്പെട്ടപ്പെട്ടതാണ്
അഭിയെ.എന്നാലും കല്യാണം അടുത്തതുമുതൽ അവൻ എന്തോ തട്ടിപ്പറിച്ചെടുക്കാൻ വരുന്നത് പോലെ.


മകളെ പിരിയാൻ വയ്യ.
അത്രയേ ഉള്ളൂ..അയാൾക്കറിയാം.പക്ഷെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ അവർ സ്വയം ഒളിച്ചു കളിക്കുന്നു.

അയാൾക്ക് മനസ്സിലാകുന്നുണ്ട്.
'അവൾ പോയ്പ്പോകോ 'എന്ന് വിങ്ങുമ്പോഴൊക്കെ അയാൾ അവരെ ശകാരിക്കും.

'നിനക്കെന്താ സതീ..നീ നിന്റമ്മേനോട് എങ്ങനായിരുന്നു?'

ആദ്യമൊക്കെ കല്യാണത്തെക്കുറിച്ച് അവർക്കും നല്ല ഉത്സാഹമായിരുന്നു.
പതുക്കെ പതുക്കെ അതു മാറാൻ തുടങ്ങി.
അപരിചിതയാകാൻ തുടങ്ങി സ്വയം, അയാൾക്കും മകൾക്കും

ഒരുതരം നിർവികാരതയാണ്‌ മുഖത്തെപ്പൊഴും.
മകളുടെ മുറിയ്ക്ക് മുന്നിൽ പോയി അങ്ങനെ നില്ക്കും.
അവളൊന്നും സംസാരിക്കാറില്ലെന്ന് പരാതിപ്പെടും.

'മകൾ സംസാരിയ്ക്കാറുണ്ട് നീ കേൾക്കാൻ മറന്ന് പോകുന്നതാ സതീ 'എന്ന് അയാൾക്ക് പറയണമെന്ന് തോന്നും.
അവരിൽ ബാക്കിയുള്ള ആത്മവിശ്വാസം കൂടി കളഞ്ഞ് പോകേണ്ടന്ന് കരുതി അയാൾ മിണ്ടാതെ നില്ക്കും.

മകൾക്ക് ചിലപ്പോൾ ദേഷ്യം വരും.
എന്തെങ്കിലും പറഞ്ഞ് കയർക്കും.
‘ എന്തിനാണവളെ ഈ നേരത്തിങ്ങനെ വിഷമിപ്പിക്കുന്നത്? ’
അയാൾ ചോദിക്കുമ്പോഴൊക്കെ അവരുടെ കണ്ണുകൾ നിറയും.

“ അങ്ങനെങ്കിലും മോളെ വർത്താനം കേക്കാലോ..ദേഷ്യം കാണിക്കാനാണെങ്കിലും അവളെന്റെ അടുത്ത് നിക്കൊല്ലോ ”

അയാളവരെ ഏറെ നേരം നോക്കിക്കൊണ്ട് നില്ക്കും.
വിവാഹം കഴിഞ്ഞ് , അന്നു വരെ അപരിചിതനായ അയാളുടെ കൂടെ പുഴ കടന്നുള്ള അവരൊരുമിച്ചുള്ള ആദ്യത്തെ യാത്ര.

പുതിയ ജീവിതത്തിലേക്ക് തുഴഞ്ഞ്, മുൻപരിചയമില്ലാത്ത ഒരു ദേശത്തേക്ക്, തോണിയിൽ, ഒരു കുട ചൂടിയുണ്ടാക്കിയ ഇത്തിരി തണലിനു കീഴിയിൽ , പുത്തൻ കിണ്ടിപോലൊരു പെണ്ണ്‌.. (ആളുകൾ അങ്ങനെയാണന്ന് പറഞ്ഞത്..)

അവരെ സ്നേഹിച്ചിരുന്നതിനെക്കുറിച്ചോർക്കും.
അവർ മാറ്റിയ അയാളുടെ ജീവിതത്തെക്കുറിച്ച്.

പുസ്തകങ്ങളും വിപ്ലവവും തോന്നലുകളും കൊണ്ട് നാട് തെണ്ടിനടന്ന് ,ഒരപകടത്തിനുശേഷം ; ആർക്കും, ഒരു പ്രത്യയശാസ്ത്രത്തിനും വേണ്ടാതെ, തളർന്ന് കിടന്നിടത്തു നിന്ന് , മരണത്തിൽ നിന്ന് , അയാളെ  തിരിച്ചുകൊണ്ടു വന്ന അവരുടെ ദൃഢനിശ്ചയം.

അവരുടെ നഷ്ടപ്പെടാൻ വയ്യാത്ത സ്നേഹം.

ഇന്നവരെ വിഷാദത്തിൽ നിന്ന്, ശിശുക്കളുടേതു പോലെ ഉപയോഗശൂന്യമായ ഏകാന്തതയിൽ നിന്ന്,  കൈപിടിച്ച് തിരികെനടത്താൻ കഴിയാതെ.
നിസ്സഹായനായി നിരായുധനായി,

ഒരു നന്ത്യാർവട്ടപ്പൂ കൊഴിയാൻ തുടങ്ങുന്നതു നോക്കി നില്ക്കേണ്ടി വരുന്ന കാറ്റിനെ പോലെ.

മകൾ പോയിക്കഴിഞ്ഞാൽ തനിക്ക് അവൾ മാത്രമേ ഉള്ളൂ  എന്നവരോട് പറയേണ്ടതെങ്ങനെയാണെന്നറിയാതെ.

ഈയ്യിടെ അവരോട് സംസാരിക്കുമ്പോഴൊക്കെ അയാൾക്ക് ഒരുതരം വിമ്മിഷ്ടമാണ്‌.
മഞ്ഞനിറത്തിലൊരു കയത്തിൽ നോക്കിയിരിക്കുന്നതു പോലെ.

“ അദ്പ്പം ഇങ്ങനൊക്കെ തോന്നും എല്ലം കഴിഞ്ഞ് ഓളും ഓനും സുകായിട്ട് ഇരിക്ക്മ്പോ എല്ലമ്മാറും..അതല്ലേ പിന്ന സന്തോഷം..ഓക്ക് ഇഷ്ടാണേ പിന്നെ എന്താപ്പാ?
എന്നാലും സതിടീച്ചറ ഇങ്ങന ഒറ്റക്കിരിക്കാൻ വിടര്‌ത് . എന്തല്ലോപോല ഓറ കാണുമ്പൊ”

എല്ലാവരും പറയുന്നത് ഒന്നു തന്നെ.
അയാൾക്കും അറിയാം.
“ എന്താ സതി നീയും ഇങ്ങനത്തന്നെ ആയിരുന്നില്ലേ..എല്ലാരും അങ്ങനെത്തന്നയല്ലെ..
ഒരോര്‌ത്തർക്കും അവരവരുടെ ജീവിതം വേണ്ടേ..“

എന്തു പറഞ്ഞാലും ഒന്നും മനസ്സിലാക്കാൻ കഴിയാത്ത വണ്ണം അവർ മാറിയിരിക്കുന്നു.
മിണ്ടാതങ്ങനെ ഇരിക്കും.
നീലനിറത്തിലൊരു വിഷാദം, മറവിയുടെ അനക്കമില്ലാത്ത ജലപ്പരപ്പിനു കീഴേ.

അയാളുടെ മനസ്സിലും ഇതൊക്കെത്തന്നെയാണ്‌.എങ്ങനെയൊക്കെയോ
അതു പുറത്ത് കാണിക്കാതെ പിടിച്ച് നില്ക്കാൻ കഴിയുന്നെന്ന് മാത്രം.

മകൾ എന്നും കൂടെത്തന്നെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നും ചിലപ്പോൾ.
അതിലുള്ള സ്വാർത്ഥതയോർത്ത് സ്വയം പശ്ചാത്തപിക്കും.

വീണ്ടും തിരിച്ച് ചിന്തിച്ച് തുടങ്ങും.
മകളോട് എന്തൊക്കെയോ സംസാരിച്ചിരിക്കണമെന്ന് തോന്നും.
സംസാരിക്കേണ്ടത് എന്താണെന്ന് തീരുമാനിയ്ക്കാനും കഴിയില്ല.

ഈ ലോകത്ത് വല്ലാതെ തനിച്ചാകാൻ തുടങ്ങിയതായി തോന്നി അയാൾക്ക്.
പ്രിയപ്പെട്ട ആരോടും സംസാരിക്കാൻ ഇല്ലാതെ..ഒറ്റയ്ക്ക്..

ഒരു ശബ്ദവും ഇല്ലാതെ വീട് ശൂന്യമായികൊണ്ടിരിക്കുന്നത് മകളെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടാകുമെന്നും അയാൾ ആലോചിക്കാതിരുന്നില്ല.

അവളോടുള്ള സൗഹൃദം പെട്ടന്ന് മുറിഞ്ഞു പോയതു പോലെ..
അവൾ മറ്റാരുടേയോ ആണെന്നൊരു തോന്നൽ
ഒരു ശൂന്യത ഇടയിൽ വന്നതുകൊണ്ട് വാക്കുകൾ കൈമാറാൻ കഴിയാതെ.
കൂടുതൽ വാക്കുകൾ ഉപയോഗിച്ചാൽ അവ പിന്നെ തിരികെ കിട്ടാതെ നഷ്ടപ്പെടുമോ എന്ന് ഭയന്ന്.

ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു മുൻപൊക്കെ അവർ,അച്ഛനും മകളും.
അമ്മയായിരുന്നു അവരുടെ പ്രിയപ്പെട്ട കേൾവിക്കാരി.
അയാളും മകളും ഭാര്യയും മാത്രമടങ്ങിയ ലോകമാണ്‌ അവസാനത്തെതെന്ന് ചിന്തിക്കുന്നതു കൊണ്ടുള്ള സ്വാർത്ഥതയാണ്‌ എല്ലാ വിഷമങ്ങളുമുണ്ടാക്കുന്നത്.

അതറിയാമായിരുന്നിട്ടും ചില ആഗ്രഹങ്ങളിൽ നിന്ന് പുറത്ത് ചാടാൻ കഴിയുന്നില്ല അയാൾക്ക്.
എന്തൊക്കെയോ ചിന്തകൾ.
എന്തൊക്കെയാണെന്ന് വേർതിരിച്ചെടുക്കാനാകാതെ..
സ്വയം നിശ്ചലമാകാൻ കഴിയാതെ പോകുന്ന ഒരു പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും.

അയാളുടെ നെഞ്ചിൽ കിടന്നാണ്‌ അവൾ ഉറങ്ങാറുണ്ടായിരുന്നത്..
കഥകൾ കേട്ട് കേട്ട്,
കാക്കത്തൊള്ളായിരം കഥകൾ...

വലുതാകുന്തോറും
അവളും അവളുടെ പ്രായവും ലോകവും.
എന്തിനോടും ആദ്യം കാട്ടാറുള്ള നിഷേധങ്ങളും അഭിപ്രായങ്ങളും അത് കഴിഞ്ഞുള്ള അനുസരണയും...

നോക്കി നോക്കി നില്ക്കെ അകന്ന് അകന്ന്...
അനുസരണ മാത്രം തന്ന്, സൗഹൃദം തരാൻ മടിച്ച്..

മക്കൾ വളരുന്നത് അങ്ങനെയാകണം...
പതുക്കെ പതുക്കെ ഒരു പുഴ, കാഴ്ചയിൽ നിന്നകലുന്നതുപോലെ..

അവൾ വളരുന്നതിനെക്കുറിച്ചറിയാതെ പോകരുതെന്ന് മാത്രം ആഗ്രഹിച്ചു.

കഴിഞ്ഞ ദിവസം രാത്രി അയാൾ ഭാര്യയെ ഓർമ്മിപ്പിച്ചിരുന്നു.: “ നീയ്യ് സ്വയം നിയന്ത്രിച്ചേ പറ്റൂ സതീ..അല്ലെങ്കിൽ ”
അല്ലെങ്കിൽ നിന്നെയെനിക്ക് മുറിയിൽ പൂട്ടിയിടേണ്ടി വന്നേക്കും. മുഴുമിപ്പിയ്ക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
അത്രയ്ക്ക് ക്ഷീണിച്ചിരുന്നു അവർ.

ചിരി വറ്റി, വേരുകൾ മുറിഞ്ഞു പോയ മരം പോലെ കരിഞ്ഞ്.
അയാളാഗ്രഹിക്കുന്ന,അയാളെ ജീവിപ്പിയ്ക്കുന്ന,സ്പർശനങ്ങളിൽ ഒന്ന് പോലും അവരുടെ വിരലികളിൽ ഇനി ബാക്കിയില്ലെന്ന് അയാൾക്ക് മനസ്സിലായി.

'മനുഷ്യൻ നിസ്സഹായനല്ലേ',അയാൾ ആലോചിച്ചു ,'സ്വയം ശിക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്‌ കഴിയുക.'

മകൾ മുറിയ്ക്ക് പുറത്ത് വന്നു നില്ക്കുന്നതും അയാൾ കണ്ടു.
നിറഞ്ഞ ചിരിയുണ്ട് അവളുടെ മുഖത്ത്.കരയാൻ കഴിയാത്തതുകൊണ്ട് മാത്രം ചിരിക്കേണ്ടി വരുന്നു അവൾക്ക്.

അവളെ കുറച്ച് ദിവസമായി ഒന്നു ശ്രദ്ധിക്കാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന് അയാൾ മനസ്സിലെ ശാസിച്ചു;കൂടുതൽ ശ്രദ്ധിക്കാൻ നാളെ മുതൽ അവൾ അടുത്തുണ്ടാകില്ലെന്നും.

വിവാഹദിവസം രാവിലെ അവൾ അമ്മയെ ഒരുക്കുന്നത് അയാളെ കൂടുതൽ അസ്വസ്ഥനാക്കി.
അവർ വാശി പിടിക്കുകയായിരുന്നു.മകൾ തന്നെ ഒരുക്കണമെന്ന് പറഞ്ഞ്.

പാവം കുട്ടി.
അവളെ ഇങ്ങനെ വേദനിപ്പിക്കേണ്ടി വന്നല്ലോ.

ലളിതമായ ചടങ്ങായിരുന്നു.
കുറച്ച് പേർ മാത്രം.

അരിയിട്ട് അനുഗ്രഹിക്കുമ്പോൾ എന്തു കൊണ്ടോ ഞങ്ങളെ തനിച്ചാക്കല്ലേ എന്ന് മനസ്സ് യാചിച്ചു.
അത്രയ്ക്ക് സ്വാർത്ഥനായിപ്പോയി താനെന്ന് മനസ്സുകൊണ്ട് കീഴടങ്ങി.

അഭിയോടൊപ്പം മകൾ യാത്ര തുടങ്ങുമ്പോൾ ,തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ കളഞ്ഞു

പോയൊരാളെപ്പോലെ അയാൾ തീർത്തും ദരിദ്രനായി.

മറവിയുടെ പുതിയ വീട്ടിലേക്ക് ഭാര്യയോടൊപ്പം നടന്ന് പോയാലെന്തെന്ന് തോന്നി അയാൾക്ക്.

പിന്നെ കരുതി, മകൾ തിരിച്ച് വരികയാണെങ്കിൽ........

11 comments:

നന്ദ said...

അഭിയും നാനും?

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ലിഡിയ,
'മകള്‍' വായിച്ചു.അസ്സലായി.ഇത്‌ വെറുതെ പറയുന്നതല്ല.'ബൂലോക'ത്ത്‌ ഞാനിതുവരെ വായിച്ച കഥകളില്‍ ഹൃദ്യമായത്‌.
ഓണാശംസകള്‍...

എന്‍.ബി.സുരേഷ് said...

മകളുടെ വിവാഹത്തെപ്പറ്റി അച്ഛനും അമ്മയും വേറൊരു വേർഷൻ ഉണ്ടാക്കിയിരിക്കുന്നു. ഏകാന്തത സ്നേഹനഷ്ടം, മാമ്പൂപോലെ മക്കളുടെ കൊഴിഞ്ഞുപോക്ക്... ഓരോ മക്കളും വളരുമ്പോൾ അച്ചനമ്മമാരുടെ ആധിയും വളരുകയല്ലേ. എന്തൊരു വിങ്ങലാണ് പ്രായമായവരുടെ മനസ്സുകളിൽ. അമ്മ ഓരോ ദിവസത്തിലും ഒരു മെഴുതിരി പോലെ ഉരുകിയുരുകി.....

പക്ഷേ കഥയിലെ അച്ഛന്റെ മനോവിചാരങ്ങൾക്ക് ഒരുപാട് നീളം കൂടി. പറഞ്ഞകാര്യമാണ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ മനസ്സിന്റെ വിചാരങ്ങൾക്ക് അങ്ങനെ ഒരു വ്യവസ്ഥയൊന്നുമില്ലല്ലോ അല്ലേ.?

ലേഖാവിജയ് said...

കഥ വായിച്ചു സങ്കടപ്പെട്ടു , ലിഡിയ.
ഒരു മകളുണ്ട് എനിക്കും ..

ശ്രീനാഥന്‍ said...

ഇപ്പോഴേ മോളു പോകുന്നതിനെക്കുറിച്ചു വിഷമിച്ചു തുടങ്ങിയോ ലിഡിയാ, കഥയുടെ സാന്ദ്രത ലിഡിയയുടെ എഴുത്തിന്റെ ഒരു ധന്യതയാണ്, ഇഷ്ടപ്പെട്ടൂ.

ബിജുകുമാര്‍ alakode said...

ലിഡിയ എഴുതിയ കഥകളില്‍ മികച്ച ഒന്നായി ഇതിനെ കാണുവാന്‍ കഴിഞ്ഞില്ല. എഴുത്തു കൊള്ളാമെങ്കിലും എന്തോ ഒരു പഞ്ചിന്റെ കുറവ് അനുഭവപെട്ടു. അല്പം കൂടി ചുരുക്കിയിരുന്നെങ്കില്‍ നന്നായേനെ എന്നു തോന്നി. ലിഡിയയിലെ ശക്തയായ എഴുത്തുകാരിയ്ക്ക് അതു കഴിയുമായിരുന്നു.
ഇനിയും നല്ല കഥകള്‍ പ്രതീക്ഷിയ്ക്കുന്നു.
ആശംസകള്‍

LiDi said...

നന്ദി..വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

V P Gangadharan, Sydney said...

ലിഡിയ എയ്ത്യത്‌ പുതുക്കനെ വായ്‌ക്ക്യാ. കൊറേ കയ്ഞ്ഞിറ്റ്‌ അറിയാണ്ടെത്തീതാ ഈട. തൊടങ്ങ്യേരം തീര്‍ക്കണോന്ന്‌ തോന്നി. കയിഞ്ഞേരം ഓറെ മനസ്‌ എനക്ക്‌ കിട്ട്വോം ചെയ്ത്‌. ഓള്‌ പോയാലും ഓറെ മനസില്‌ ഓള്‌ അങ്ങന്നെ പൂണ്ട്കെടക്കൂന്ന്‌ തംശ്യോല്ല്യാ! എനക്കിഷ്ടായി.

Oriental sentiments differ formidably from that of Occidental ones. Currently, standing aloof as an outsider to both cultures, I try to mull over the dilemma of the Indian parents when their offspring's inevitable departure, being in nuptial tie, begins at their own doorstep... Instead of exhilaration, strangely though, rather poignance sets in on this exultant occasion owing to an orientally cultivated mindset which engenders undesired afflictions. Albeit, the writer lets the protagonist speak his mind silently of his uttermost distress in the very rustic lingo of the region. Kudos to the author!

LiDi said...

@V P Gangadharan :
Thanks...

Echmukutty said...

ഇത്തിരി കൂടി ചെറുതാക്കാമായിരുന്നുവെന്ന് ഒരു തോന്നൽ....
അഭിനന്ദനങ്ങൾ.

Rasma said...

മകൾ മുറിയ്ക്ക് പുറത്ത് വന്നു നില്ക്കുന്നതും അയാൾ കണ്ടു.
നിറഞ്ഞ ചിരിയുണ്ട് അവളുടെ മുഖത്ത്.കരയാൻ കഴിയാത്തതുകൊണ്ട് മാത്രം ചിരിക്കേണ്ടി വരുന്നു അവൾക്ക്.

I saw my marriage days in a mirror:-) Thank you:-)

Post a Comment