തടയണ /രാജേഷ് നന്ദിയംകോട്



പാളത്തിലൂടെ പായുന്ന
തീവണ്ടിയുടെ ഒച്ച
പുഴയില്‍ തട്ടി
എത്രയോ ദൂരം
പ്രതിധ്വനിക്കുന്നുണ്ട്.

രാത്രിയിലെ പലവെളിച്ചം
പുഴയില്‍തട്ടി
പലകാലങ്ങളിലേക്കും
പ്രതിഫലിക്കുന്നുണ്ട്
കടത്തുകാരനും
യാത്രക്കാരനുമില്ലാതെ
ഒരു തോണി
ഇരുകര പിടിക്കുന്നുണ്ട്
സ്വതന്ത്രമായൊന്ന്
നീന്തിത്തുടിക്കാന്‍
ഒരു മുക്കുവനും
സമ്മതിക്കാറില്ലെന്ന്
മീനുകള്‍ പറയുന്നുണ്ട്

എന്നോ കണ്ട് മറന്ന
കടലിനെ ഓര്‍ത്ത്
പുഴ നെടുവീര്‍പ്പിടുന്നുണ്ട്

വരയിലും വര്‍ണ്ണനയിലും
നിറവിലുമല്ല
ഒഴുക്കിലാണ്
പുഴയുടെ ജീവനെന്ന്
ആകാശത്തു നിന്നൊരു കിളി
മൊഴിയുന്നുണ്ട്


3 comments:

എന്‍.ബി.സുരേഷ് said...

ഭൂമിയുടെ മാറു പിളർന്ന് അന്തർധാനം ചെയ്ത എല്ലാപുഴകൾക്കും
നിലച്ചുപോയ എല്ലാ ഒഴുക്കുകൾക്കും
മാഞ്ഞുപോയ ജലത്തിന്റെ ഓർമ്മകൾക്കും
നീരാവിയെ സ്വപ്നം കാണുന്ന പുഴയുടെ നെടുവീർപ്പുകൾക്കും വേണ്ടി.
പുഴകളുടെ ഒഴുക്ക് തിരികെ വരാൻ ഒരു തുള്ളി കണ്ണീർ വീഴ്ത്തി അല്ലേ.

Kalavallabhan said...

എന്തിനെപ്പറ്റിയും ഒരോരുത്തർക്കും ഒരോന്നു പറയുവാനുണ്ട്.

MOIDEEN ANGADIMUGAR said...

വരയിലും വര്‍ണ്ണനയിലും
നിറവിലുമല്ല
ഒഴുക്കിലാണ്
പുഴയുടെ ജീവനെന്ന്
ആകാശത്തു നിന്നൊരു കിളി
മൊഴിയുന്നുണ്ട്

Post a Comment